എല്ലുകള്‍ തെളിഞ്ഞുകാണുന്ന ഉടലും മുഖവുമായി മനസാക്ഷിയെ ഞെട്ടിച്ച ‘തിക്കിരി’ ഇനിയില്ല

single-img
25 September 2019

ആവശ്യമായ ഭക്ഷണവും പോഷകവും കിട്ടാതെ ഒട്ടിയുണങ്ങി ശരീരത്തിലെ എല്ലുകള്‍ തെളിഞ്ഞുകാണുന്ന ഉടലും മുഖവും. 70 വര്‍ഷത്തിനുള്ളില്‍ അനുഭവിച്ചുതീര്‍ത്ത വേദനകളെല്ലാം കണ്ണില്‍ നിറച്ചുവച്ച് നില്‍ക്കുന്ന എഴുപതുകാരിയായ തിക്കിരിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും നമ്മള്‍ മറന്നുപോകില്ല. ആരുടേയും ഉള്ള് പിടിച്ചുലയ്ക്കുന്നതായിരുന്നു ആ ചിത്രം. തീരെ അവശയായ ആനയെ അലങ്കരിച്ച്, അതിന്റെ ക്ഷീണിച്ച ദേഹം കാണാതിരിക്കാന്‍ പട്ടുതുണി കൊണ്ട് മൂടി പ്രദര്‍ശനത്തിനെത്തിച്ചതോടെയാണ് അന്ന് സംഭവം വിവാദമായത്. ശ്രീലങ്കയിലുള്ള കാന്‍ഡിയില്‍ ഒരു ബുദ്ധക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് അവശയായ ആനയെ പ്രദര്‍ശനത്തിനെത്തിച്ചത്.

പരിപാടിയിലെ ആനയുടെ ചിത്രങ്ങളും വാര്‍ത്തകളും വൈറലായതോടെ കടുത്ത പ്രതിഷേധവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആനപ്രേമികളെത്തി. അങ്ങിനെയാണ് എഴുപതാം വയസിൽ തിക്കിരി അനുഭവിച്ച കഷ്ടതകളെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇന്നലെ രാത്രിയായിരുന്നു തിക്കിരി വേദനകളുടേതായ ഈ ലോകത്തോട് വിട പറഞ്ഞത്.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 80 കിലോമീറ്ററോളം അകലെ കെഗല്ലേ എന്ന് പറയുന്ന സ്ഥലത്ത് വച്ചായിരുന്നു തിക്കിരിയുടെ അന്ത്യം. ഇന്ന് നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ തിക്കിരിയുടെ ശരീരം സംസ്‌കരിക്കൂ.