കഞ്ചാവ് വളർത്താൻ ആഗ്രഹമുണ്ടോ? ഈ രാജ്യത്ത് ഒരു വീട്ടില്‍ നാല് ക‍ഞ്ചാവുചെടികള്‍ വളര്‍ത്താൻ അനുമതിയുണ്ട്

single-img
25 September 2019

പൗരന്മാരുടെ വ്യക്തിപരമായ ഉപയോഗത്തിന് ക‍ഞ്ചാവ് വളര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറ. ഓരോവ്യക്തിക്കും നിശ്ചിത അളവില്‍ കഞ്ചാവ് സൂക്ഷിക്കാനാണ് അനുമതി. ഇത്തരത്തിലുള്ള ആവശ്യത്തിനായി കഞ്ചാവ് കൃഷി ചെയ്യുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ലാതാക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിയമം ഭരണകൂടം പാസ്സാക്കിയത്. പ്രായപൂര്‍ത്തിയായ പൗരന് 50 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിക്കുന്നതിനൊപ്പം രണ്ട് കഞ്ചാവ് ചെടികളും വളര്‍ത്താം. ഒരാൾക്ക് ഒരു വീട്ടില്‍ മൊത്തം നാല് ക‍ഞ്ചാവുചെടികള്‍ വളര്‍ത്താനാണ് അനുമതിയുള്ളത്.

എന്നാൽ പ്രദേശത്തെ ആരോഗ്യമന്ത്രി ബില്ലില്‍ ഒപ്പുവെച്ചിട്ടില്ല. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അവലോകനം ചെയ്യുന്നതാണ് ബില്‍. അതിനാൽ തന്നെ 2020 ജനുവരി 31 വരെ നിയമം പ്രാബല്യത്തില്‍ വരില്ല. തലസ്ഥാന ഭരണകൂടത്തിന്റെ പുതിയ നിയമനിര്‍മ്മാണം രാജ്യത്തെ ഫെഡറല്‍ നിയമങ്ങളുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് നിമയവിദഗ്ധര്‍ പറയുന്നത്. അതിന്റെ കാരണം, കഞ്ചാവ് കൈവശം സൂക്ഷിക്കുന്നവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ ഫെഡറല്‍ നിയമപ്രകാരം പോലീസിന് കഴിയുമെന്ന് കാന്‍ബെറയിലെ ലോ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു.

ആരോഗ്യമേഖലയിലും, ശാസ്ത്രീയ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവ് കൃഷി ചെയ്യുന്നതിന് 2016-ല്‍ കാന്‍ബെറ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പോലെ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിമയവിധേയമാക്കുന്നതിനെ ഓസ്ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല.