ഡല്‍ഹിയില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ആദ്യം പുറത്തുപോകുന്നത് ബിജെപി അധ്യക്ഷന്‍: കെജ്‌രിവാള്‍

single-img
25 September 2019

കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ആദ്യം പുറത്തുപോകുക ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ഇപ്പോള്‍ അപകടാവസ്ഥയില്‍ ആണെന്നും ഇവിടെ എന്‍ആര്‍സി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കെജ്‌രിവാളിന്റെ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി മനോജ് തിവാരി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മാനസികനില തകരാറിലായെന്നായിരുന്നു തിവാരിയുടെ പ്രതികരണം. ‘പൂര്‍വഞ്ചല്‍ സ്വദേശിയായ ഒരാള്‍ നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാരനാവുമോ എന്നാണ് എന്റെ ചോദ്യം. അവരെ ഡല്‍ഹിയില്‍ നിന്നും പുറത്താക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവരെ നിങ്ങള്‍ വിദേശിയായി കണക്കാക്കുന്നു. ഡല്‍ഹിയില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ ഉദ്ദേശം ഇതാണെങ്കില്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായെന്ന് ഞാന്‍ കരുതുന്നു. ദേശീയ പൗരത്വ പട്ടിക എന്താണെന്ന് ഒരു ഐആര്‍എസ് ഉദ്യോഗസ്ഥന് അറിയാത്തതെങ്ങനെ?’ – മനോജ് തിവാരി ചോദിക്കുന്നു.