ട്രോളുകള്‍ വഴിയുള്ള വ്യക്തിഹത്യ തടയണം; സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി വേണം: സുപ്രീം കോടതി

single-img
24 September 2019

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം.

രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും സന്തുലിതമായി പരിഗണിച്ചുകൊണ്ടുവേണം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതിയെ അറിയിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം നല്‍കി.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം അപകടകരമായ തലത്തില്‍ എത്തിയതായി സുപ്രീം കോടതി അഭിപ്രായപ്പെട്ടു

ഫേസ്ബുക്കും വാട്സ്ആപ്പും സമര്‍പ്പിച്ച ഹര്‍ജികള്‍ കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിമാര്‍, ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ശരിയായ സ്ഥാപനമല്ല. തീരുമാനമെടുക്കാന്‍ കോടതിയേക്കാള്‍ കേന്ദ്രസര്‍ക്കാറാണ് ഏറ്റവും നല്ലത്. ആളുകള്‍ക്ക് ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും ജഡ്ജി പറഞ്ഞു.

ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞാൽ മാനഹാനി സംഭവിച്ച വ്യക്തിക്ക് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും കേസുമായി മുന്നോട്ട് പോകാനും എന്തുകൊണ്ടാണ് കഴിയാത്തതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം എഴുതിയതാരെന്ന് ചോദിക്കാന്‍ ഒരു വ്യക്തിക്ക് നിയമപരമായി സാധിക്കണം.ദേശീയ സുരക്ഷയെ ബാധിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും കഴിയണമെന്നും കോടതി വ്യക്തമാക്കി.