താരങ്ങളുടെ ഉത്തേജക മരുന്നു പരിശോധനകളിൽ കൃത്രിമം; റഷ്യയെ ഒളിമ്പിക്സിൽ നിന്നും വിലക്കാൻ സാധ്യത

single-img
24 September 2019

റഷ്യയുടെ ആഭ്യന്തര ഉത്തേജക വിരുദ്ധ സമിതിക്കെതിരെ (റുസാഡ) ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) വീണ്ടും നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ​‘റുസാഡ’ ‘വാഡ’ക്ക്​ കൈമാറിയ സ്വന്തം താരങ്ങളുടെ ഉത്തേജക പരിശോധനാ ഫലങ്ങളിൽ കൃത്രിമത്വം കണ്ടെത്തിയതിനെതുടർന്നാണിത്.

2015 മുതൽ വിലക്കുണ്ടായിരുന്ന റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയെ കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ് ‘വാഡ’ കുറ്റമുക്തമാക്കിയത്. ടോക്കിയോയിൽ ഒളിമ്പിക്​സ്​ അടുത്തെത്തി നിൽക്കെ ‘റുസാഡ’യുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നത് റഷ്യൻ കായികരംഗത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അടുത്ത മൂന്നാഴ്​ചക്കകം കൃത്യമായ റിപ്പോർട്ട്​ നൽകാനാണ് ‘വാഡ’ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലും പരാജയപ്പെട്ടാല്‍ അടുത്ത വർഷം റഷ്യയെ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഒഴിവാക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കുമേല്‍ (ഐഒസി) സമ്മർദ്ദമുണ്ടാകും. റഷ്യയുടെ കായിക താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഒളിമ്പിക് വേദികളിൽ അമേരിക്കക്കും ചൈനക്കും വലിയ ഭീഷണികുറയുകയും ചെയ്യും. റഷ്യൻ തലസ്ഥാനമായ
മോസ്​കോയിലെ ലബോറട്ടറിയിൽ പരിശോധന നടത്തിയ ഫലങ്ങളിലാണ്​ ഗുരുതരമായ പിശകുകൾ ‘വാഡ’ കണ്ടുപിടിച്ചത്​.

2015ലെ വിലക്ക് നീക്കുമ്പോള്‍ ‘വാഡ’ റഷ്യൻ ഉത്തേജക വിരുദ്ധ സമിതിക്കുമുന്‍പില്‍ വെച്ച നിബന്ധനയായിരുന്നു എല്ലാ കായികതാരങ്ങളുടെയും ഉത്തേജക പരിശോധനാ ഫലങ്ങള്‍ കൈമാറണമെന്നത്. ഇപ്പോൾ തുടർച്ചയായ രണ്ടാംതവണയും ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽനിന്ന്​ റഷ്യ പുറത്താണ്​​. അന്താരാഷ്‌ട്ര അത്ലറ്റിക്​ ഫെഡറേഷനാണ്​ വിലക്ക്​ നീട്ടുന്നതായി തിങ്കളാഴ്​ച പ്രഖ്യാപിച്ചത്​.

അടുത്ത മൂന്നാഴ്​ചക്കകം ബന്ധപ്പെട്ട ഏജൻസിക്ക്​ റിപ്പോർട്ട്​ നൽകുമെന്ന്​ റഷ്യൻ ഉത്തേജക വിരുദ്ധ സമിതി ​ചെയർമാൻ അലക്​സാണ്ടർ ഇവ്​ലേവ്​ വ്യക്തമാക്കി.തങ്ങൾ വിവരങ്ങളിൽ എന്തു തെറ്റാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ‘വാഡ’യുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് റഷ്യൻ കായിക മന്ത്രി പവൽ കൊളോബ്കോവ് പറഞ്ഞു.