രാജ്യത്ത് സവാള വില കുതിച്ചുയരുന്നു;നടപടികളുമായി ഡൽഹി സർക്കാർ

single-img
24 September 2019

ന്യൂഡല്‍ഹി: രാജ്യത്ത് സവാളയുടെ വില കുതിച്ചുയരുന്നു. രാജ്യ തലസ്ഥാനത്തിന്റെ പലയിടത്തും കിലോയ്ക്ക് എഴുപതു രൂപയാണ് വില. മൊത്ത വിപണിയിലേക്കുള്ള വരവു കുറഞ്ഞതോടെ സവാള വില കുതിച്ചുകയറുകയാണ്.

കിലോയ്ക്ക് നാല്‍പ്പതു രൂപയ്ക്കു താഴെയുണ്ടായിരുന്ന വില ഒരാഴ്ച കൊണ്ടാണ് അറുപതും എഴുപതും രൂപയില്‍ എത്തിയത്. സപ്ലൈയിലെ കുറവാണ് വില വര്‍ധനയ്ക്കു കാരണമന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണിയില്‍ എത്തുന്ന സവാളയുടെ അളവില്‍ വന്‍ കുറവുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

സവാള വില കുതിച്ചു കയറിയതോടെ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വടക്കന്‍ സംസ്ഥാനങ്ങലെ ബാധിച്ച പ്രളയത്തെ തുടര്‍ന്നാണ് സവാളയുടെ വില കുത്തനെ കൂടിയത് . എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ കിലോയ്ക്ക് 24 രൂപയ്ക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കെജരിവാള്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ഈ വിലവര്‍ദ്ധന താല്‍ക്കാലികമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. ഇതിനിടെ രാജ്യത്തെ ഉള്ളി ലഭ്യത വര്‍ധിപ്പിക്കാന്‍ കയറ്റുമതി വില പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം കൂടുതല്‍ ഉള്ളത്.