ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിജെപി ആശയത്തിന് പിന്തുണയുമായി ടിക്കാറാം മീണ

single-img
24 September 2019

ബിജെപി ദേശീയ തലത്തിൽ ഉയർത്തിയ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്ആശയത്തിന് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പിന്തുണ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നടങ്കം എതിർത്ത ആശയത്തിനാണ് ഇദ്ദേഹം പിന്തുണ നൽകുന്നത്. തുടർച്ചയായുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്നും മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പെരുമാറ്റചട്ടം നിലവിലുള്ള ജില്ലകളില്‍, എംപി ഫണ്ടും എംഎല്‍എ ഫണ്ടും പുതുതായി അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളിൽ പെരുമാറ്റ ചട്ടം ഏർപ്പെടുത്തി.

കാസർകോട് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ആണ് പെരുമാറ്റ ചട്ടം നിലവിൽ വന്നത്.തലസ്ഥാന ജില്ലയിലായതിനാൽ തിരുവനന്തപുരം ജില്ലയിൽ പെരുമാറ്റ ചട്ടം ഏർപ്പെടുത്തിയിട്ടില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രം ആണ് പെരുമാറ്റ ചട്ടം ഉണ്ടാകുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.