മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ തയ്യാർ; അറിയിച്ച കമ്പനിയുടെ വിവരങ്ങൾ തേടി സുപ്രീംകോടതി

single-img
24 September 2019

എറണാകുളം ജില്ലയിലെ മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്ന് അറിയിച്ച കമ്പനിയുടെ വിവരങ്ങൾ തേടി സുപ്രീംകോടതി രജിസ്ട്രി. കർണാടകയിലെ ബംഗളൂരു ആസ്ഥാനമായ അക്വറേറ്റ് ഡിമോളിഷന്‍ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളാണ് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെട്ടത്.

കഴിഞ്ഞ വാരം ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കമ്പനി നേരിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ചു കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രജിസ്ട്രിക്ക് കൈമാറി.

കേരളത്തിൽ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ടെണ്ടര്‍ നല്‍കിയ 13 കമ്പനികളിലൊന്നാണ് അക്വറേറ്റ് ഡിമോളിഷൻ. സർക്കാർ ടെണ്ടര്‍ വിളിച്ചെങ്കിലും പൊളിക്കാനുള്ള നടപടികളില്‍ പുരോഗതിയില്ലെന്ന് കാണിച്ചാണ് കമ്പനി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിൽ പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്നാണ് കമ്പനി ഹർജിയില്‍ പറഞ്ഞിരിക്കുന്നത്.

പദ്ധതിക്ക് ഏകദേശം 30 കോടി രൂപ ചെലവ് വരും. സുപ്രീം കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ ആരംഭിക്കാമെന്നും രണ്ടുമാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിക്കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
ഇതിന് മുൻപ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബംഗളൂരുവിലെ 15 പാര്‍പ്പിട സമുച്ചയങ്ങള്‍ അക്വറേറ്റ് ഡിമോളിഷന്‍ കമ്പനി പൊളിച്ചു നീക്കിയിട്ടുണ്ട്.