മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയാര്‍; സുപ്രീം കോടതിക്ക് ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷിംഗ് കമ്പനി

single-img
24 September 2019

ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച കമ്പനിയുടെ വിവരങ്ങള്‍ തേടി സുപ്രീംകോടതി . ബംഗളൂരു ആസ്ഥാനമായ അക്യുറേറ്റ് ഡിമോളിഷിംഗ് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളാണ് സുപ്രീംകോടതി രജിസ്ട്രാർ ആവശ്യപ്പെട്ടത്.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കമ്പനി നേരിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കമ്പനിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രജിസ്ട്രിക്ക് കൈമാറി. ഫ്ലാറ്റുകൾ പൊളിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ടെണ്ടര്‍ നല്‍കിയ 13 കമ്പനികളിലൊന്നാണ് അക്യുറേറ്റ് ഡിമോളിഷിംഗ്. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്ന് കാണിച്ചാണ് കമ്പനി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്നാണ് കമ്പനി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി 30 കോടി രൂപ ചെലവ് വരും. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ ആരംഭിക്കാമെന്നും രണ്ടുമാസത്തിനുള്ളില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ, സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബംഗളൂരുവിലെ 15 പാര്‍പ്പിട സമുച്ചയങ്ങള്‍ അക്യുറേറ്റ് ഡിമോളിഷിംഗ് കമ്പനി പൊളിച്ചു നീക്കിയിട്ടുണ്ട്.

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമലംഘനത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഫ്‌ളാറ്റിലുള്ളവരെ പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.