പുത്തൻ പേരുമായി പാക് ഭീകര സംഘടന ജയ് ഷെ മുഹമ്മദ്: ഇന്ത്യക്കെതിരെ യുദ്ധഭീഷണി

single-img
24 September 2019

ലാഹോര്‍: പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പാക് ഭീകര സംഘടനയായ ജയ് ഷെ മുഹമ്മദ് പേര് മാറ്റി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു കാശ്മീര്‍ എന്നാണ് ജയ്ഷെ മുഹമ്മദിന്റെ പുതിയ പേര്. പാകിസ്താനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു.

കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ ആക്രമണത്തിനു ശേഷമാണ് മസൂദ് അസ്ഹറിനെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയത്. പേര് മാറ്റിയെങ്കിലും മസൂദ് അസഹറിന്റെയും മറ്റുഭീകരരുടെയും ഇടപെടലുകള്‍ ജയ്‌ഷെ മുഹമ്മദില്‍ ശക്തമാണെന്നു ഇന്ത്യന്‍ ഭീകരവിരുദ്ധ ഏജന്‍സിള്‍ വ്യക്തമാക്കി.

അതേസമയം, ബലാകോട്ടില്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ജയ്‌ഷെ ഭീകര ക്യാംപ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാന്റെ പിന്തുണയോടെ ജയ്‌ഷെ മുഹമ്മദ് ബാലാകോട്ടില്‍ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നന്നാണ് റിപ്പോര്‍ട്ട്.