കുടുംബ വഴക്കിനിടെ അമ്മ ഇരട്ടക്കുട്ടികളെ കുളത്തിലെറിഞ്ഞു കൊന്നു; കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി

single-img
23 September 2019

ഭര്‍ത്താവുമായി നടന്ന കുടുംബ വഴക്കിനിടെ ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു. പടിഞ്ഞാറന്‍ യുപിയിൽ മുസാഫര്‍നഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. കേവലം 20 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് അമ്മയായ നസ്മ എന്ന യുവതി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരും ഭര്‍ത്താവ് വസീമും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.

വസീമിന് സ്ഥിതിരമായി ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നതായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കിന് പിന്നിലെ കാരണമായി പറയുന്നത്. അതേസമയം ജോലി അന്വേഷിക്കുന്നതില്‍ വസീം പരാജയപ്പെട്ടതോടെ ഉണ്ടായ തര്‍ക്കത്തിനിടെ ദേഷ്യം വന്ന നസ്മ കുഞ്ഞുങ്ങളെ ഗ്രാമത്തിലെ കുളത്തിലേക്ക് എറിയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് യാദവ് പറഞ്ഞു. തന്റെ പ്രവൃത്തിയിൽ കുട്ടികൾ മരിച്ചെന്ന് മനസ്സിലായ യുവതി കുട്ടികളെ കാണാനില്ലെന്ന് നാട്ടുകാരോട് പറഞ്ഞു.

തുടർന്ന് ഭര്‍ത്താവിനോടൊപ്പം സിഖേര പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കി. എന്നാല്‍ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കുളത്തില്‍ നിന്നും കണ്ടെടുത്തു.