പൊലീസുകാര്‍ക്ക്‌ മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പോകാന്‍ അവധി

single-img
23 September 2019

തിരുവനന്തപുരം: കുട്ടികളുടെ സ്‌കൂള്‍കാര്യങ്ങള്‍ നോക്കാനും പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാനും പൊലീസുകാര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജോലിഭാരത്താല്‍ ഇതിനു കഴിയുന്നില്ലെന്ന പൊലീസുകാരുടെ പരാതിക്കു പരിഹാരമായാണ്‌ ഡിജിപി ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസുകാര്‍ക്ക് അവധി അനുവദിക്കാന്‍ കണ്‍ട്രോളിങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ക്രമസമാധാനപ്രശ്നങ്ങളില്‍ ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലോ വി.വി.ഐ.പി. സന്ദര്‍ശനസമയത്തോ ഇത് നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കും.

മക്കളുടെ പഠന പുരോഗതി അധ്യാപകരുമായി ചര്‍ച്ച ചെയ്യുന്നതും അതിന് പരിഹാരം കാണുന്നതും പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരുടെ ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും അവധി നകണമെന്ന ഉത്തരവ് നേരത്തെ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചിരുന്നു.