അത്ര പരിചയമില്ലാത്ത ഊഷ്മളത അഭിനയിക്കുന്നു; ഹൗഡി മോദി പരിപാടിയെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെയാണ്‌

single-img
23 September 2019

യുഎസിൽ നടന്ന ഹൗഡി മോദി പരിപാടിയെ ഇന്ത്യയിലെ മാധ്യമങ്ങൾ ആഘോഷമാക്കിയെങ്കിൽ പരിപാടിയില്‍ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൃത്യമായി എഴുതിയാണ് അവിടുത്തെ മാധ്യമങ്ങൾ വാർത്തയാക്കിയത്. ശക്തമായ കുടിയേറ്റ നിയമങ്ങളുടെ വക്താവായ ട്രംപ്, ഹൗഡി മോദിയിലൂടെ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍സിനെ കൈയ്യിലെടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു വാഷിംങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധികാരത്തിലേക്ക് രണ്ടാം വരവിനായുള്ള ട്രംപിന്റെ നിരര്‍ഥകശ്രമം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നത്. അതേസമയം, മോദിയുടെ പരിപാടിയില്‍ ട്രംപ് തനിക്ക് അത്ര പരിചയമില്ലാത്ത ഊഷ്മളത അഭിനയിക്കുന്നു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതിയത്. തിങ്ങി നിറഞ്ഞ ജനസാഗരങ്ങള്‍ സാക്ഷിയായ പരിപാടിയില്‍ മോദി ട്രംപിനെ വാനോളം പുകഴ്ത്തുന്നു എന്നും ഇവര്‍ പറയുന്നു. ലോകത്തിലെ തന്നെ വലിയ ജനാധിപത്യരാജ്യങ്ങളുടെ തലവന്‍മാര്‍ ഇത്തരത്തില്‍ ഒരുമിക്കുന്നതിലൂടെ ഏഷ്യയില്‍ പ്രാതിനിധ്യം നേടാനുള്ള ചൈനയുടെ അവസരം ഇല്ലാതാക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

അമേരിക്കയിൽ റിപ്ലബിക്കന്‍ സ്ഥാനാര്‍ഥിയായി അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ട്രംപിന് തെരെഞ്ഞെടുപ്പിൽ നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കുടിയേറ്റവിഷയങ്ങളില്‍ എടുത്ത നിലപാടുകള്‍. തന്റെ എതിര്‍ പാര്‍ട്ടിയായ ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ ആയുധവും ഇതാണ് പക്ഷെ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍സിലൂടെ ഈ വെല്ലുവിളി ഇല്ലാതാക്കാനാണ് ട്രംപിന്റെ ശ്രമം.