യുഎന്‍ ഉന്നതതല മീറ്റിംഗിന് ഇതാ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി എത്തിയത് കാല്‍നടയായി

single-img
23 September 2019

യുഎന്‍ സംഘടിപ്പിച്ച ഉന്നതതല മീറ്റിംഗിന് ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെത്തിയത് കാല്‍നടയായി. ഇന്ത്യയുടെ അയല്‍ രാജ്യമായ ഭൂട്ടാനിലെ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവുമാണ് യുഎന്‍ ഹെഡ്ക്വാട്ടേഴ്സിലേക്ക് കാല്‍ നടയായി എത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ആരോഗ്യവും കാലാവസ്ഥയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ കാല്‍ നടയായാണ് യുഎന്‍ ഹെഡ് ക്വാട്ടേഴ്സിലേക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി എത്തിയത്.

‘യുഎന്നിന്റെ മീറ്റിംഗ് നടക്കുന്നയിടം ഞങ്ങള്‍ക്ക് നടന്നെത്താവുന്ന ദൂരത്തിലായിരുന്നു. ആരോഗ്യവും കാലാവസ്ഥയും എന്ന വിഷയത്തിലെ ചര്‍ച്ചയ്ക്കായിരുന്നു ഞങ്ങളെത്തിയത്’. അതുപോലുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കാനെത്തിയ ശേഷം കാറില്‍ യാത്ര ചെയ്യുന്നത് വളരെ വിഷമകരമായി തോന്നിയതിനാലാണ് മീറ്റിംഗ് നടക്കുന്നിടത്തേക്ക് നടന്നു പോകാന്‍ തീരുമാനിച്ചതെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.