ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം നിലവില്‍ വരും; 2021ൽ സെന്‍സസ് മൊബൈല്‍ ആപ്പ് വഴി: പ്രഖ്യാപനവുമായി അമിത് ഷാ

single-img
23 September 2019

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാര്‍, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ തിരിച്ചറിയൽ സംവിധാനങ്ങൾ ഏകീകരിച്ച് എല്ലാറ്റിനും കൂടി ഒറ്റ തിരിച്ചറിയൽ കാർഡ് കൊണ്ടുവരുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

20121-ലെ ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലായി നടപ്പാക്കുമെന്നും അമിത് ഷാ അറിയിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരിക്കും ജനസംഖ്യാ കണക്കെടുപ്പിനുള്ള വിവര ശേഖരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

പേപ്പര്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പില്‍ നിന്ന് ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറുമെന്നും വിവര ശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുകയെന്നും 2021 മാര്‍ച്ച് ഒന്നു മുതല്‍ രണ്ടു ഘട്ടങ്ങളായി ജനസംഖ്യാ കണക്കെടുപ്പ് നടക്കുമെന്നും അമിത് ഷാ പറഞ്ഞു. 12,000 കോടിയാണ് ഡിജിറ്റല്‍ സെന്‍സസിനായി നീക്കിവയ്ക്കുന്നത്.

വരാനിരിക്കുന്ന സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇനി 2021ല്‍ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് നടക്കാനിരിക്കുന്നത്. അവസാനമായി കണക്കെടുപ്പ് നടന്നത് 2011ല്‍ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ.