ഹെല്‍മെറ്റ്‌ ധരിക്കാത്തവര്‍ക്ക് പെട്രോളില്ല; പുതിയ തീരുമാനവുമായി കര്‍ണാടകയിലെ കല്‍ബുര്‍ഗി

single-img
22 September 2019

ഇരുചക്ര വാഹനയാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ല എങ്കിൽ കര്‍ണാടകയിലെ കല്‍ബുര്‍ഗി നഗരത്തില്‍ ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. കേന്ദ്രസർക്കാർ രാജ്യമാകെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെയാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗി നഗരത്തില്‍ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. ഈ മാസം 29 മുതല്‍ പുതിയ നിയമം നിലവില്‍ വരും. ‘നോ ഹെല്‍മറ്റ് നോ പെട്രോള്‍ ‘എന്നതാണ് നിലവില്‍ കല്‍ബുര്‍ഗിയിലെ ട്രാഫിക് മുദ്രാവാക്യം.

കല്‍ബുര്‍ഗിയിലെ പോലീസ് കമ്മീഷണര്‍ എംഎന്‍ നാഗരാജാണ് പുതിയ നിര്‍ദ്ദേശത്തിന്റെ പിന്നിൽ. 29 മുതൽ പെട്രോള്‍ പമ്പുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ എത്തിയാല്‍ പെട്രോള്‍ കൊടുക്കരുതെന്നാണ് പോലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ പുതിയ തീരുമാനത്തെ പറ്റി എല്ലാ ആളുകളെയും ബോധവാന്‍മാരാക്കിയ ശേഷമായിരിക്കും നിയമം നടപ്പിലാക്കാന്‍ പോകുന്നത്. ആദ്യഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഒരാഴ്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പോലീസ് പറഞ്ഞു.