പാക് അധിനിവേശ കാശ്മീര്‍ രൂപീകരിക്കാന്‍ കാരണം നെഹ്‌റു; ആരോപണവുമായി അമിത്ഷാ

single-img
22 September 2019

പാക് അധിനിവേശ കാശ്മീര്‍ രൂപീകൃതമായതിന് പിന്നിൽ ജവഹര്‍ലാല്‍ നെഹ്റു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് സ്വാത്രന്ത്രം ലഭിച്ച 1947 ല്‍ പ്രഖ്യാപിച്ച ‘സമയോചിതമല്ലാത്ത വെടിനിര്‍ത്തല്‍’ കാരണമാണ് ഈ സ്ഥിതി ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിൽ പാകിസ്താന്റെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി പൊരുതുന്നതിനിടെയായിരുന്നു നെഹ്‌റുവിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്നും ഷാ ആരോപിച്ചു.

അടുത്ത മാസം 21ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. കാശ്മീർ സംസ്ഥാന ഏകീകരണം സാധ്യമാകാഞ്ഞതില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉത്തരവാദിയാണെന്നും രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഈ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.കാരണം, സര്‍ദാര്‍ പട്ടേല്‍ കൈകാര്യം ചെയ്ത നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭാഗമായെന്നും” അമിത് ഷാ പറഞ്ഞു.