കലാസദൻ ഉല്ലാസായി മമ്മൂട്ടി; ‘ഗാനഗന്ധർവ്വൻ’ 27 ന് പ്രദർശനത്തിനെത്തുന്നു

single-img
22 September 2019

രമേശ് പിഷാരടി സംവിധാനംചെയ്യുന്ന ‘ഗാനഗന്ധർവ്വൻ’ സപ്തംബർ 27 ന് തീയറ്ററുകളിലേക്ക് എത്തുന്നു.കലാസദൻ ഉല്ലാസ് എന്ന ടൈറ്റിൽ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സപ്തംബർ 27 എന്നത് ഏറെ പ്രത്യേകതകൾ ഉള്ള ദിനമാണ് എന്ന് അണിയറപ്രവർത്തകർ പറയുന്നു. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ജന്മദിനം കൂടിയാണ് സപ്തംബർ 27.

ഗന്ധർവക്ഷേത്രം എന്ന സിനിമയ്ക്കായി അദ്ദേഹം ചിട്ടപ്പെടുത്തിയ ‘ഇന്ദ്രവല്ലരി’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് യേശുദാസ് ആദ്യമായി ഗാനഗന്ധർവൻ എന്ന പദം ഉപയോഗിച്ചതും അത് പിന്നീട് അദ്ദേഹത്തിൻറെ വിളിപ്പേരായതും. അതേപോലെതന്നെ യേശുദാസിന്റെ ശബ്ദം മലയാള സിനിമ ആദ്യമായി കേൾക്കുന്നത് 1962 സപ്തംബർ 7 നാണ്. ‘കാൽപ്പാടുകൾ’ എന്ന സിനിമയിലെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി അദ്ദേഹം ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചതിന്റെ അൻപത്തിയേഴാം വാർഷികത്തിനാണ് ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

അന്ന് തന്നെയായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം എന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ സിനിമയിൽ പുതുമുഖം വന്ദിതയാണ് നായിക. സംവിധായകനായ രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.