മത്സരിക്കാനില്ല എന്ന് പറഞ്ഞിട്ടും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടി കുമ്മനം രാജശേഖരന്‍

single-img
22 September 2019

വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി കുമ്മനം രാജശേഖരന്‍. താന്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടും സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ നിര്‍ത്തണമെന്നാണ് ബിജെപി ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രത്തിന് വിട്ടു നല്‍കാനാണ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബിജെപിയുടെ കോര്‍ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായത്.

വട്ടിയൂര്‍ക്കാവില്‍ ജയിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു കോര്‍ കമ്മിറ്റിയുടെ നിലപാട്. അതിനാലാണ് കുമ്മനത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥികളുടെ പട്ടിക മുന്നണിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും അയച്ചത്. അതേസമയം കുമ്മനത്തെ മത്സരിപ്പിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു ആര്‍എസ്എസ് സ്വീകരിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.