വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട: കുടുംബാധിപത്യമെന്ന ആക്ഷേപം വരുമെന്ന് മുരളീധരന്‍ • ഇ വാർത്ത | evartha
Kerala, Politics, Top Stories

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട: കുടുംബാധിപത്യമെന്ന ആക്ഷേപം വരുമെന്ന് മുരളീധരന്‍

കോഴിക്കോട്: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. പത്മജയെ നിര്‍ത്തിയാല്‍ കുടുംബാധിപത്യം എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് കെ മുരളീധരന്‍ പറഞ്ഞത് . അതേസമയം അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതിനെ മുരളീധരന്‍ പിന്തുണച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ടെന്നും നിലവില്‍ എല്‍ഡിഎഫിന്റെ കൈയിലുള്ള അരൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.