ഇന്ത്യന്‍ റെയില്‍വേയിലെ സ്വകാര്യവത്കരണം; ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ • ഇ വാർത്ത | evartha
Breaking News, National

ഇന്ത്യന്‍ റെയില്‍വേയിലെ സ്വകാര്യവത്കരണം; ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ

ഇന്ത്യന്‍ റെയില്‍വേയിലെ സ്വകാര്യ വത്കരണം ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്. പദ്ധതിപ്രകാരം ആദ്യ ഘട്ടത്തില്‍ 150 സ്വകാര്യ ട്രെയിൻ സർവ്വീസുകളുമായാണ് ഇതാരംഭിക്കുകയെന്നും ഏതൊക്കെ റൂട്ടുകളിലാണ് ഇതനുവദിക്കേണ്ടതെന്നത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമാകെ പൂർണ്ണ ചരക്ക് ഇടനാഴി വരുന്നതോടെ സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസ് മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്. 2021ല്‍ ചരക്ക് ഇടനാഴി പൂർത്തിയാകും. ഇപ്പോള്‍ ചരക്ക് ട്രെയിനുകളുടെ വേഗം 60 കിലോമീറ്ററാണ്. ഡല്‍ഹി-മുംബൈ, ദല്ലി-ഹൗറ ചരക്ക് ഇടനാഴികൾ ആരംഭിക്കുന്നതോടെ വേഗത 100 കിലോമീറ്ററായി ഉയരും.

ആ സമയം ഈ റൂട്ടുകൾ 160 കിമീ വേഗതയിലുള്ള ട്രെയിനുകൾക്ക് ഓടാൻ സാധിക്കും വിധം പരിഷ്കരിക്കാൻ 13000 കോടി അനുവദിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ആവശ്യത്തിനനുസരിച്ച് ട്രെയിനുകൾ ഓടിക്കാൻ സാധിക്കും. കൂടുതല്‍ കാത്തിരിക്കേണ്ട ആവശ്യം വരില്ല. ആ സാഹചര്യത്തില്‍ വളരെയേറെ ട്രെയിനുകൾ ആവശ്യമായി വരും. അവിടെയാണ് സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യമെന്ന് വിനോദ് കുമാർ യാദവ് പറഞ്ഞു.

സ്വകാര്യവത്ക്കരണം ലാഭകരമാകുമോ എന്നറിയാനാണ് തേജസ് ട്രെയിനുകൾ തുടക്കത്തില്‍ ഐആർസിടിസിക്ക് വിട്ടുകൊടുത്തത്. നിലവില്‍ 25 ലക്ഷത്തിന്റെ ഇൻഷുറൻസാണ് അവർ എല്ലാ ടിക്കറ്റിനും നൽകുന്നത്.
കൂടുതലായി വീൽചെയർ, വീട്ടിൽ നിന്ന് കൂട്ടി വീട്ടിൽ കൊണ്ടുവിടാനും, ലഗേജ് ഡെലിവറിയും അടക്കമുള്ള സേവനങ്ങൾ അവർ കൊണ്ടുവന്നു.സ്വകാര്യ മേഖലയില്‍ ട്രെയിൻ ഉടമകൾക്ക് കോച്ചുകൾ ഇറക്കുമതി ചെയ്യാനും റെയിൽവെ കോച്ചുകൾ വാങ്ങാനും സാധിക്കും. പ്രതീക്ഷ പോലെ എത്രത്തോളം നിക്ഷേപം നടക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ സ്വകാര്യ ട്രെയിനുകൾ ആരംഭിച്ചാൽ ഒരു റെഗുലേറ്ററി അതോറിറ്റി വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.