ഹോളിവുഡ് സിനിമകളുടെ സിഡിയും ജിം സൗകര്യവും; കാശ്മീരി നേതാക്കള്‍ വിഐപി ബംഗ്ലാവിലാണ് കഴിയുന്നതെന്ന് കേന്ദ്രമന്ത്രി

single-img
22 September 2019

ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലല്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അവര്‍ എല്ലാ സൗകര്യങ്ങളോടും കൂടി വീട്ടിലെ അതിഥികളെപ്പോലെയാണ് കഴിയുന്നതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. പതിനെട്ട് മാസത്തില്‍ കൂടുതല്‍ ഇത് തുടരില്ല എന്നും അദ്ദേഹം അറിയിച്ചു.

‘അവര്‍ എല്ലാവരുംതന്നെ വിഐപി ബംഗ്ലാവിലാണ് കഴിയുന്നത്. അവിടെ ഹോളിവുഡ് സിനിമകളുടെ സിഡിയും ജിം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ ഒരിക്കലും വീട്ടുതടങ്കലിലല്ല, മറിച്ച് വീട്ടിലെ അതിഥികളെപ്പോലെയാണ്.’- അദ്ദേം പറഞ്ഞു.

സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ കഴിഞ്ഞആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ്. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളയുന്നതിന് മുന്നോടിയായാണ് നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.

മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ കാശ്മിരികള്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിനടുത്തായി. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ സുഖവാസത്തിലാണെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.