ഡല്‍ഹിയില്‍ അക്ഷർധാം ക്ഷേത്രത്തിന് സമീപം പോലീസിന് നേര്‍ക്ക് വെടിവെപ്പ്

single-img
22 September 2019

ഡല്‍ഹിയില്‍ അക്ഷർധാം ക്ഷേത്രത്തിനടുത്ത് പോലീസിന് നേരെ നാലംഗ സംഘം വെടിയുതിർത്തു. സഞ്ചരിച്ചുകൊണ്ടിരുന്ന കാർ നിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഇവർ പോലീസിന് നേരെ വെടിയുതിർത്തത്. പോലീസ് ഇവര്‍ക്ക് നേരെ പ്രത്യാക്രമണം നടത്തിയപ്പോൾ സംഘം കാർ ഓടിച്ച് കടന്നുകളഞ്ഞു.

വെടിവെപ്പില്‍ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസ് ഈ നാലംഗ സംഘത്തെ ഡല്‍ഹിയിലെ ഗീതാ കോളനി ഫ്ലൈ ഓവർ വരെ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ലെന്ന് ദില്ലി ഈസ്റ്റ് ഡിസിപി ജസ്‌മീത് സിംഗ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാർ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായില്ല. അതേസമയം നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവര്‍ മോഷ്ടാക്കളാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടാക്സി സർവ്വീസ് വാഗ്‌ദാനം ചെയ്ത് കൊണ്ടുപോയ ശേഷം പിടിച്ചുപറി നടത്തുന്ന സംഘമാണ് ഇവരെന്ന് ഡിസിപി പറഞ്ഞു.