ഈജിപ്ത് പ്രസിഡന്റ് അല്‍സിസിയുടെ രാജിയാവശ്യപ്പെട്ടു വന്‍ പ്രക്ഷോഭം

single-img
22 September 2019

കൈറോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ രാജിയാവശ്യപ്പെട്ട് വന്‍ ജനകീയ പ്രക്ഷോഭം. ആജീവനാന്തം അധികാരത്തില്‍ തുടരാന്‍ അല്‍സീസി ശ്രമിക്കുന്നതിനിടെയാണ് പ്രക്ഷോഭവുമായി ജനങ്ങളെത്തിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അധികാരത്തിലേറിയത്.

അല്‍ അസീസി അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധപ്രകടനങ്ങള്‍ നിരോധിച്ചിരുന്നു . ”ഭയമില്ലാതെ, ഉയിര്‍ത്തെഴുന്നേല്‍ക്കൂ, സീസി പുറത്തുപോകല്‍ അനിവാര്യ”മെന്നുമുള്ള മുദ്രാവാക്യങ്ങളുമായാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്.

ഈജിപ്തിലെ പ്രധാന നഗരങ്ങളായ അലക്‌സാണ്ട്രിയയിലും സൂയസിലുമാണ് പ്രക്ഷോഭം അരങ്ങേറിയത്. കൈറോയിലെ തഹ്‌രീര്‍ ചത്വരത്തിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടയുകയും ഏതാനും പേരെ അറസ്റ്റ് ചെയുകയും ചെയ്തു . ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും പട്ടിണിയും കുതിച്ചുയരുകയാണ്. ജൂലൈയില്‍ പുറത്തുവിട്ട കണക്കനുസരിച്ച് മൂന്നിലൊന്ന് ഈജിപ്തുകാരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എതിരാളികളെ ഒന്നൊന്നായി അടിച്ചമര്‍ത്തിയാണ് അല്‍സീസി ഭരണം നടത്തുന്നത്. തനിക്കെതിരെയുണ്ടായ അഴിമതിയാരോപണം അല്‍സീസി നിഷേധിച്ചിട്ടുണ്ട്‌.