സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാബെഞ്ച് രൂപീകരിക്കും

single-img
21 September 2019

ഡല്‍ഹി: സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബഞ്ച് രൂപീകരിക്കാന്‍ തീരുമാനം. ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം . അഞ്ച് മുതിര്‍ന്ന ന്യായാധിപര്‍ അംഗങ്ങളാകുന്ന സ്ഥിരം ഭരണഘടനാബഞ്ചിനാകും രൂപം നല്‍കുക. ഒക്ടോബര്‍ 1 മുതലാണ് പുതിയ ബഞ്ച് നിലവില്‍ വരിക. ആദ്യമായാണ് സ്ഥിരം ഭരണഘടനാബഞ്ച് രൂപീകരിക്കുന്നത്.

കൂടുതല്‍ ജഡ്ജിമാരെത്തുന്ന സാഹചര്യത്തിലാണ്, പുതിയ ബഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നാല്‍, ആദ്യം സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗബഞ്ച്, മൂന്നംഗബഞ്ചിലേക്കും അവിടെ നിന്ന് തീര്‍ത്തും പ്രധാനപ്പെട്ടവ ഭരണഘടനാ ബഞ്ചിലേക്കും കൈമാറുകയായിരുന്നു പതിവ്. ഓരോ കേസിനും ഓരോ ഭരണഘടനാ ബഞ്ച് രൂപീകരിക്കുകയാണ് ചെയ്യാറ്.

ജഡ്ജിമാരുടെ സമയം പാഴാക്കിക്കൊണ്ട് പല തലങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പകരം, ഭരണഘടനയുമായി ബന്ധപ്പെട്ട് വ്യാഖ്യാനവും തര്‍ക്കവുമുള്ള കേസുകള്‍ ഇനി നേരിട്ട് ഭരണഘടനാ ബഞ്ചിലേക്ക് പോകും. സാധാരണകേസുകളെല്ലാം ഇനി മറ്റു ബഞ്ചുകള്‍ പരിഗണിക്കുമ്പോള്‍, ഭരണഘടനാ ബഞ്ചിന്, അതിന്റെ പരിഗണനയിലുള്ള കേസുകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താം.