പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും

single-img
21 September 2019

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നടപടി ക്രമങ്ങളുടെ ഭാഗമായി വിജിലന്‍സ് അന്വേഷണസംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്. ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‌കോയിലേയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും ചില ഉദ്യോഗസ്ഥരേയും ചോദ്യംചെയ്യും.

റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം വേഗത്തിലാക്ക ണമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അടുത്ത ദിവസം തന്നെ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കും.


കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയ ഗൂഡാലോചനയില്‍ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യല്‍ വേണം എന്നാണ്അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഏതായാലും കേസില്‍ ഇനി കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത