സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല: ദേശീയ വനിതാ കമ്മീഷൻ

single-img
21 September 2019

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പാക്കുന്നത് തടയാന്‍ നിയഭേദഗതി കൊണ്ട് വരണമെന്ന് ദേശീയ വനിത കമ്മീഷൻ. ആവശ്യവുമായി വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് വനിതാ കമ്മീഷൻ കത്ത് നൽകി. അതേപോലെ തന്നെ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസത്തിലേക്ക് ഉയർത്തണമെന്നും കമ്മീഷൻ കത്തിൽ‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമക്കേസുകളിൽ നടക്കുന്ന അനുരജ്ഞനങ്ങൾ തടയുന്നതിന് നിയമ നിർമാണം നടത്തണം.

അല്ലാതെ അനുരഞ്ജനത്തിനുള്ള അവസരം ഉണ്ടാകുമ്പോൾ ഇരകളായ പരാതിക്കാരായ സ്ത്രീകൾക്ക് മുകളിൽ കടുത്ത സമ്മർദ്ദം ഉണ്ടാവുന്നുണ്ട്. മാത്രമല്ല, ഒത്തുതീർപ്പിനുള്ള അവസരം പ്രതികൾക്ക് കുറ്റകൃത്യം തുടരാനും അവസരം ലഭ്യമാക്കുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വനിതാ ജീവനക്കാർ തൊഴിലിടങ്ങളിൽ നേരിടുന്ന ലിംഗപരമായ സൈബർ കുറ്റകൃത്യങ്ങളെ ലൈംഗിക അതിക്രമ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും വനിതാ കമ്മിഷൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുപോലുള്ള കേസുകളിൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമ ഭേദഗതി വേണം. ഇപ്പൊള്‍ ഐപിസി 509 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കാൻ കഴയുന്നത്. ഭാവിയില്‍ ഐപിസി 354 വകുപ്പ് പ്രകാരം പരാതിപ്പെടാൻ അവസരം ഒരുക്കുന്ന രീതിയിലേക്ക് മാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ലോക വ്യാപകമായ മീ ടൂ ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ലൈംഗികാതിക്രമ കേസുകളിൽ നിയമം കർശനമാക്കാൻ വനിതാ കമ്മിഷൻ ശുപാർശ. നിലവില്‍ കമ്മീഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ നിന്ന് അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ രേഖാ ശർമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.