അണിയറയില്‍ ഒരുങ്ങി തലൈവി; ജയലളിതയാകാന്‍ ഒരുക്കങ്ങളുമായി കങ്കണ

single-img
21 September 2019

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യില്‍ നായികയാകാന്‍ ആശ്ചര്യപെടുത്തുന്ന രൂപമാറ്റത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്. ഇതിനായി പ്രോസ്‌തെറ്റിക് മേക്കപ്പ് ആണ് കങ്കണ ഉപയോഗിക്കുന്നത്.

ലോസ് ആഞ്ചലസിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് ജയലളിതായാകാനുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച നടക്കുന്നത്.ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്പ്.

എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

തലൈവിക്ക് പുറമെ ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡിയും ആദിത്യ ഭരദ്വാജ് നിര്‍മിച്ചു ഭാരതിരാജ സംവിധാനം ചെയ്യുന്ന ‘തായ്: പുരട്ചി തലൈവി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍.