നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി; ഹൗഡി മോദി പരിപാടിയില്‍ ട്രംപും പങ്കെടുക്കും

single-img
21 September 2019

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ 27-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

തിങ്കളാഴ്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് പിറ്റേ ദിവസം മോദിയുമായി ഒദ്യോഗിക കൂടിക്കാഴ്ച നടത്തും. മോദി ട്രംപ് കൂടിക്കാഴ്ചയ്ക്കുശേഷം സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.

ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി വേദി പങ്കിടും. ഇതാദ്യമായാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. ഏതാണ്ട് 50,000-ത്തോളം പേര്‍ മെഗാ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൗഡി മോദി പരിപാടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ – അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി് വ്യക്തമാക്കി. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി മാറാനുമുള്ള അവസരം ഇതിലൂടെ രാജ്യത്തിന് കൈവരുമെന്നും മോദി പറഞ്ഞു.