ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ് ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’

single-img
21 September 2019

ബോക്സ്ഓഫീസിൽ കോടികൾ വാരിയ രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ 92-ാമത് ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രശസ്തനായ സോയ അഖ്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം 2019 ഫെബ്രുവരി 14നാണ് ഇന്ത്യയിലെ തീയേറ്ററുകളില്‍ എത്തിയത്. ഓസ്കർ പ്രതിനിധാനം സംബന്ധിച്ച് സോയ അഖ്തറിന്റെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തറാണ് ട്വീറ്റ് ചെയ്തത്.

മഹാരാത്രയിലെ മുംബൈയിൽ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ഗള്ളി ബോയ്പറയുന്നത് സംഗീതത്തിൽ തനിക്ക് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദിനെയാണ് (ഗള്ളി ബോയ്) നായകനായ രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്.

കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്. ബെര്‍ലിനിൽ നടന്ന ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. ഇന്ത്യയിൽ ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് 19.4 കോടി നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടിയും നേടി. 238.16 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള ഗ്രോസ്.