ചിന്മയാനന്ദിനെതിരായ ലൈംഗിക പീഡനക്കേസ് : പരാതി നല്‍കിയ യുവതിക്കെതിരെ പിടിച്ചുപറിക്കുറ്റം

single-img
21 September 2019

ലഖ്‌നൗ: ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ യുവതിക്ക് പിടിച്ചുപറിക്കുറ്റം ചുമത്തി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 3 സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിന്മയാനന്ദില്‍ നിന്ന് 5 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

സഞ്ജയ് സിംഗ്, സച്ചിൻ സെംഗാർ, വിക്രം എന്ന് പേരായ മൂന്ന് യുവാക്കളാണ് ചിന്മയാനന്ദ് സമർപ്പിച്ച പിടിച്ചുപറി കേസിൽ അറസ്റ്റിലായത്. ഈ കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി. ഈ കേസിൽ പെൺകുട്ടിക്കെതിരെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു.14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ചിന്മയാനന്ദിനെ ഷാജഹാന്‍പൂര്‍ ജയിലിലേക്ക് മാറ്റി. ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ചിന്മയാനന്ദ തന്നെ പീഡിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ യിലൂടെയാണ് നിയമവിദ്യാത്ഥിനി ആരോപണം ഉന്നയിച്ചത്.
ആരോപണം നിഷേധിച്ച് ചിന്മയാനന്ദ രംഗത്ത് വന്നിരുന്നെങ്കിലും 43 വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ പെണ്‍കുട്ടി സമര്‍പ്പിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിന് തയ്യാറായത്.