അഴിമതിക്കാരുടെ പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതി; ചെന്നിത്തലയോട് മുഖ്യമന്ത്രി

single-img
20 September 2019

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ വേദിയിലാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കെഎസ്ഇബിയിലെ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ പേരിൽ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.എന്നാൽ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയൻ പരിഹസിച്ചു. അഴിമതിക്കാർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും.

അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ നൽകുന്ന ഭക്ഷണമാണെന്ന് പറഞ്ഞപ്പോൾ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയിൽ വച്ചു. ഇത്തരക്കാരുടെ പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അതേപോലെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കാൻ പിണറായി വിജയൻ തയ്യാറാകേണ്ടിവരുമെന്ന പ്രതിപക്ഷ ആക്ഷേപത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

താൻ ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ അഴിമതി കാണിച്ചിട്ടില്ല. അതിനാൽ അത് പറഞ്ഞ് ആരും വിരട്ടാൻ വരേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.