കോർപ്പറേറ്റുകൾക്ക് നികുതി കുറയ്ക്കൽ; കേന്ദ്രസർക്കാർ തീരുമാനം ചരിത്രപരം: പ്രധാനമന്ത്രി

single-img
20 September 2019

രാജ്യത്തെ കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ തീരുമാനം വഴി നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണിതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

ഇന്ത്യയിൽ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നികുതിയിളവ് സഹായിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ന് അമേരിക്ക സന്ദർശിക്കാൻ യാത്ര തിരിക്കും മുൻപാണ് മോദിയുടെ ഈ പ്രതികരണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ ഒരു മാസം ധനമന്ത്രാലയം സ്വീകരിച്ച നടപടികൾ, ഇന്ത്യ വ്യവസായത്തിന് വളരാൻ മികച്ച സാധ്യതകളുള്ള മണ്ണാണെന്ന് തെളിയിക്കുന്നതാണെന്ന് മോദി പറഞ്ഞു.

ഇന്ത്യയിലെ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും അവസരങ്ങളും വികസനവും ഇത് മൂലം എത്തും. മാത്രമല്ല, ഭാവിയിൽ 5 ട്രില്യൺ സാമ്പത്തികവ്യവസ്ഥയാക്കി വളർത്താൻ ഇത് സഹായിക്കും.- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആഭ്യന്തരകമ്പനികൾക്ക് മികച്ച നികുതിയിളവാണ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്.

35 ശതമാനത്തിൽ നിന്നും നേരെ 25.2 ശതമാനത്തിലേക്ക് കോർപ്പറേറ്റ് നികുതി കുറച്ച തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്. ഈ വർഷം ഒക്ടോബർ 1-ന് ശേഷം തുടങ്ങുന്ന കമ്പനികൾക്ക് 15 ശതമാനം മാത്രമാകും കോർപ്പറേറ്റ് നികുതി നൽകേണ്ടി വരിക. പക്ഷെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം നിരവധിപ്പേർ ഈ നീക്കത്തെ ശക്തമായി എതിർത്തു. ആർബിഐയുടെ പക്കലുള്ള കരുതൽ ധനശേഖരം കേന്ദ്രസർക്കാർ എടുത്തത്, കോർപ്പറേറ്റുകൾക്ക് നൽകാനാണെന്ന് ഇതിലൂടെ വ്യക്തമായെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.