കശ്മീര്‍ പ്രശ്‌നം ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കില്ല

single-img
20 September 2019

ഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കേണ്ടെന്ന് തീരുമാനമെടുത്ത് ഇന്ത്യ. ഈ മാസം 27-ന് ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ പ്രശ്‌നം ഉന്നയിക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ നേരത്തെ ഉന്നയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കണ്ട് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് പൊതുസഭയില്‍ കശ്മീര്‍ പരാമര്‍ശിക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്.

അതേസമയം സെപ്തംബര്‍ 21 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി പുറപ്പെടും. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

സെപ്തംബര്‍ 27-നാണ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുക.
പ്രധാനമന്ത്രിയുടെ വിമാനത്തിന് പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതും, വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ അമേരിക്കന്‍ തീരുമാനവും അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന.