കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയില്‍ ജിയോ അകത്ത്; ബിഎസ്എന്‍എല്‍ പുറത്ത്

single-img
20 September 2019

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ സാങ്കേതിക പഠനസൗകര്യം മെച്ചപ്പെടുത്താന്‍ റിലയന്‍സ് ജിയോയ്ക്ക് അവസരം നല്‍കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. ആധുനിക 4 ജി അനുവദിക്കാതെയും പുതിയ പദ്ധതികളില്‍ ചേര്‍ക്കാതെയും ബിഎസ്എന്‍എല്‍ പുറത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ റിലയന്‍സ് ജിയോയെ എംപാനല്‍ ചെയ്താണ് ജിയോയ്ക്ക് പ്രത്യേക ഇളവ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

‘വൈഫൈ ലഭ്യമാകുന്ന ആധുനിക കാമ്പസ്’ എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം ഉത്തരവില്‍ പറയുന്നുണ്ട്. പദ്ധതി പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജിയോക്ക് ബ്രാന്‍ഡിങ്ങ് അനുവദിക്കുന്നത് അടക്കം നിരവധി വ്യവസ്ഥകളുള്ള ഉത്തരവാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ജിയോയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒപ്പിടാനുള്ള ധാരണാപത്രത്തിന്റെ മാതൃകയും ഉത്തരവില്‍ കാണിക്കുന്നുണ്ട്.

ഓരോ ദിവസവും ഒരു ജിബി ഡാറ്റ ലഭിക്കുന്ന 100 രൂപയുടെ പ്രതിമാസ പ്ലാനാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ഒരു വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും 100 രൂപ വീതം പിരിക്കും. പദ്ധതിക്കാവശ്യമായ വൈദ്യുത ചിലവുകളും സ്ഥാപനം ഏറ്റെടുക്കണം. 4ജി ലഭ്യമാകുന്ന ആന്റിന സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. ‘ടി.ഇ.ക്യു.ഐ.പി-3 വൈഫൈ പ്ലാന്‍’ എന്ന പേരിലുള്ള പദ്ധതിക്കായിസ്ഥാപനവും ജിയോയും തമ്മില്‍ കരാറുണ്ടാക്കണം എന്നും ഉത്തരവില്‍ പറയുന്നു.

ജിയോയ്ക്ക് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, ഫാക്കല്‍റ്റി,ജീവനക്കാര്‍ എന്നിവരുടെ വിവരം കൈമാറുകയും ഓരോ യൂസര്‍ക്കും നികുതിക്ക് പുറമെ 100 രൂപ വീതം മാസാവസാനം സ്ഥാപനം സമാഹരിച്ച് നല്‍കുകയും വേണം. 100ല്‍ കൂടുതല്‍ വരുന്ന തുക ഉപഭോക്താവ് നേരിട്ട് ജിയോക്ക് നല്‍കണം. അതേപോലെതന്നെ സാമഗ്രികള്‍ സൂക്ഷിക്കാനും ജിയോയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനും വാടക ഈടാക്കാതെ സ്ഥലസൗകര്യം അനുവദിക്കണം.