ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് 10 ലക്ഷം രൂപ സമ്മാന തുക നല്‍കാനൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷന്‍

single-img
20 September 2019

തിരുവനന്തപുരം : പിവി സിന്ധുവിന് പത്തു ലക്ഷം രൂപയുടെ സമ്മാനത്തുക നല്‍കാനൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷന്‍. സ്വിറ്റസര്‍ലാന്‍ഡില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി കിരീടം സ്വന്തമാക്കിയതിനാണ് സമ്മാനം.

ഒക്ടോബര്‍ ഒമ്പത് മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനതുക കൈമാറും. പരിപാടിയില്‍ മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വികെ പ്രശാന്ത് മറ്റു എംഎല്‍എ മാരും കായിക താരങ്ങളും പങ്കെടുക്കുന്നു.

പരിപാടിയില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ചാനല്‍ സിന്ധു ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ ഇന്ത്യയില്‍ ആദ്യമായിട്ടാണ് പ്രാദേശിക ഭാഷയില്‍ സ്‌പോര്‍ട്‌സ് ചാനല്‍ ആരംഭിക്കുന്നത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടികള്‍ക്ക് ശേഷം തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് സൈക്ലിസ്റ്റുകളുടെയും റോളര്‍ സ്റ്റാക്കേഴ്‌സിന്റെയും അകമ്പടിയോടെ സിന്ധു പുറപ്പെടും. കായിക താരങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സിന്ധുവിന് ആശംസ അറിയിക്കും.