ചിദംബരത്തിനെതിരായ കേസ്; ഫയലില്‍ ഒപ്പുവച്ചവരില്‍ ധനമന്ത്രി മാത്രം പ്രതി; സിബിഐക്കെതിരെ കോണ്‍ഗ്രസ്

single-img
20 September 2019

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ നടക്കുന്ന ഐ എൻ എക്‌സ് മീഡിയ അഴിമതി കേസിൽ സിബിഐക്കെതിരെ വിമര്‍ശനവുമായി കോൺഗ്രസ്. ഐഎൻഎക്‌സ് മീഡിയക്ക് വിദേശത്തുനിന്നും നിക്ഷേപം അനുവദിച്ച ഫയലിൽ ഒപ്പുവെച്ച 11 ഉദ്യോഗസ്ഥരെ സിബിഐ കേസിൽ പ്രതിയാക്കിയില്ല എന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

ഈ ഉദ്യോഗസ്ഥരെ വേണ്ട വിധം ചോദ്യം ചെയ്തില്ലെന്നും ഫയലില്‍ ഒപ്പുവെച്ചവരിൽ അന്നത്തെ ധനമന്ത്രി പി ചിദംബരം മാത്രം കേസിൽ പ്രതിയായതിൽ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിദേശ നിക്ഷേപങ്ങളുടെ പ്രോത്സാഹന ബോർഡിൽ തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വം 6 സെക്രട്ടറിമാർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കേസിൽ ചില വസ്തുതകൾ അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല.

സ്ഥാപനത്തിൽ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രതിചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. 2007ൽ നടന്ന സംഭവത്തിൽ അന്ന് വിദേശ നിക്ഷേപം അനുവദിക്കാൻ തീരുമാനമെടുത്ത ഫയലിൽ പതിനൊന്നു ഉദ്യോഗസ്ഥർ ഒപ്പുവച്ച ശേഷമാണ് ചിദംബരം അനുമതി നല്‍കിയത്.ബിജെപി പിന്തുടരുന്ന പ്രതികാര രാഷ്ട്രീയം മാത്രമാണ് ചിദംബരത്തിനെതിരെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.