വീണ്ടും നികുതി പരിഷ്കരണവുമായി കേന്ദ്രസർക്കാർ; ഹോട്ടൽ ജി എസ്ടി നിരക്കുകൾ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനം

single-img
20 September 2019

രാജ്യത്ത് വീങ്കും നികുതി പരിഷ്കരണം. ഇന്ത്യയിലെ ടൂറിസം മേഖലയെ ലക്ഷ്യമാക്കിയ ജി എസ് ടി പരിഷ്കരണത്തിനാണ് ഇന്ന് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗൺസിൽ പ്രാധാന്യം നല്‍കിയത്. ഇതനുസരിച്ചുകൊണ്ട് ഹോട്ടൽ ജി എസ്ടി നിരക്കുകൾ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വാടകയായി ആയിരം വരെയുള്ള മുറികൾക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു. അതേപോലെ തന്നെ 7500 രൂപ വരെയുള്ള മുറികൾക്ക് 18 ശതമാനമായിരുന്ന ജി എസ് ടി നിരക്ക് 12 ശതമാനമാക്കി കുറച്ചു.

7500 രൂപ മുതൽ മുകളിലുള്ള മുറികൾക്ക് 18 ശതമാനം നികുതിയാകും ഇടാക്കുക. എന്നാൽ കാറ്ററിംഗ് സർവ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്.ഇതോടൊപ്പം ഇലപാത്രങ്ങൾക്കും കപ്പുകൾക്കും നികുതി ഈടാക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി. എന്നാൽ, വാഹന നികുതിയില്‍ മാറ്റമുണ്ടാകില്ല. മുൻപ് വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സർക്കാർ ഓഡിനൻസ് പുറപ്പെടുവിച്ചു. ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിർമ്മലാസീതാരാമൻ വ്യക്തമാക്കിയിരുന്നു. 2019 ഒക്ടോബർ ഒന്നിന് ശേഷം സ്ഥാപിക്കുന്ന പുതിയ കമ്പനികൾ നികുതി 15 ശതമാനം മാത്രമായിരിക്കും.