വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു

single-img
20 September 2019

ബംഗലൂരു: ചന്ദ്രയാന്‍ രണ്ട് വീണ്ടെടുക്കാനുള്ള സാധ്യത മങ്ങുന്നു. 14 ദിവസത്തെ ചാന്ദ്ര പകല്‍ അവസാനിക്കുന്നതോടെ വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്.

സെപ്റ്റംബര്‍ ഏഴിന് വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ ശ്രമിച്ചത് ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രമിന്റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. രാത്രി സമയത്തെ ചന്ദ്രനിലെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബന്ധം നഷ്ട്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.

വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസയുടെ ലൂണാര്‍ റിക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ദക്ഷിണധ്രുവപ്രദേശത്തെ പകല്‍ സമയം അവസാനിച്ച് തുടങ്ങിയതിനാല്‍ തന്നെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. ഇനി ഏക പ്രതീക്ഷ 7 വര്‍ഷത്തേക്ക് കാലാവധി നീട്ടയിട്ടുള്ള ഓര്‍ബിറ്ററിലാണ്