സാമ്പത്തിക മാന്ദ്യം; മറികടക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സർക്കാർ

single-img
19 September 2019

ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യം അഭിമുഖീകരിക്കുന്ന രാജ്യത്തെ സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കൂടുതൽ ചെറുകിട വായ്പകൾ അനുവദിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിനായി പുതിയ ഉപഭോക്‌താക്കളെ കണ്ടെത്തണം.

വായ്‌പകള്‍ എടുക്കുന്നതിനായി കൂടുതല്‍ ആളുകളെ ആകർഷിക്കാൻ നിർദേശം നൽകിയതായും ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ വിപണിയില്‍ വിവിധ മേഖലകളില്‍ നികുതി ഇളവ് തീരുമാനിക്കുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ ഗോവയില്‍ നടക്കും. രാജ്യത്തെ നാനൂറു ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തണം. ഇതിന്റെ ആദ്യ ഘട്ടം ഈ മാസം 29ന് പൂര്‍ത്തിയാക്കണം.

വരുന്ന മാസം 10 നും പതിനഞ്ചിനുമിടയിലായിരിക്കും രണ്ടാം ഘട്ടം. ജനങ്ങള്‍ക്ക് വായ്പ നല്‍കാനായി 70,000 കോടി രൂപ ബാങ്കുകള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ടൂറിസം മേഖലയ്ക്കുള്ള ഇളവുകളാണ് പരിഗണനയില്‍. ഇതില്‍ 7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സര്‍ക്കാരിന് കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. രാജ്യത്തെ ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.