ക്യാമറയില്‍ നിന്ന് മുഖം മറയാന്‍ അനുവദിക്കാതെ പ്രധാനമന്ത്രി; തടസം നിന്നയാളെ ഉടന്‍ മാറ്റി നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍, വീഡിയോ വൈറല്‍

single-img
18 September 2019

ക്യാമറകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. രാജ്യത്തിനകത്തായാലും അന്താരാഷ്ട്ര സന്ദര്‍ശന ങ്ങളിലായാലും തന്റെ മുഖം പരമാവധി ക്യാമറകളില്‍ നിറഞ്ഞു നില്‍ക്കാന്‍ മോദി ശ്രമിക്കാറുണ്ട്. ഡിസ്‌കവറി ചാനലിലെ പരിപാടിയും, കേദാര്‍നാഥ് ഗുഹയിലെ ധ്യാനത്തിന്റെ ചിത്രവുമെല്ലാം അതിനുദാഹരണമാണ്.

ക്യാമറയില്‍ തന്നെ മറയ്ക്കുന്നത് പ്രധാന മന്ത്രി അനുവദിക്കാറില്ല. അത്തരത്തില്‍ മോദിക്കും ക്യാമറയക്കുമിടയില്‍ നിന്നയാളെ മാറ്റി നിര്‍ത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ നര്‍മ്മദാ ജില്ലയില്‍ ഖല്‍വാനി ഇക്കോ ടൂറിസം മേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സന്ദര്‍ശനത്തിനിടെ ഒരാള്‍ പ്രധാനമന്ത്രിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നതായി വീഡിയോയില്‍ കാണാം. അയാള്‍ പ്രധാനമന്ത്രിയെ ക്യാമറയില്‍ നിന്ന് മറയ്ക്കുന്ന സമയത്ത് മോദി കൂടെയുള്ള ഉദ്യോഗസ്ഥരോട് സംസാരിക്കുകയും വളരെപ്പെട്ടന്നുതന്നെ അയാളെ ഫ്രെയിമില്‍ നിന്നുമാറ്റി നിര്‍ത്തുകയും ചെയ്തു.

നിരവധി ആളുകളാണ് വീഡിയോയില്‍ പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെ ഫ്രെയിമില്‍ നിന്ന് മറച്ചയാളെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടതായാണ് കമന്റുകള്‍ വരുന്നത്.