പാകിസ്താൻ അനുമതി നൽകിയില്ല; ഒമാൻ വഴി അമേരിക്കയ്ക്ക് പറക്കാൻ പ്രധാനമന്ത്രി മോദി

single-img
18 September 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അമേരിക്കൻ സന്ദർശനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്താൻ. തങ്ങളുടെ വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

ഇന്നലെയായിരുന്നു പാകിസ്താനോട് ഇന്ത്യ, ഔദ്യോഗികമായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. അനുമതി ലഭിക്കാത്തതിനാൽ പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പോകുക. ഇതിന് മുൻപ് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഐസ്‍ലൻഡ്, സ്വിറ്റ്‍സർലൻഡ്, സ്ലോവേനിയ – എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പാകിസ്താൻ വ്യോമപാത നിഷേധിച്ചിരുന്നു.

കാശ്മീരിലെ ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷമാണ് പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചത്. പക്ഷെ പിന്നീട് ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യഅനുവാദം തേടുകയും പാകിസ്താൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 21 മുതൽ 27 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം.