മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

single-img
18 September 2019

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഫ്ലാറ്റ് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടിസിനെതിരായാണ് ഹര്‍ജി. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരന്‍ കെകെ നാരായണനാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്.


അഞ്ചു ദിവസത്തിനകം ഫ്ലാറ്റൊഴിഞ്ഞു പോകണമെന്ന നഗരസഭയുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നഗരസഭയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭ കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയത്. സുപ്രീം കോടതിയുടെ അന്ത്യശാസന മായതിനാല്‍ ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുടമകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചെങ്കിലും കുടിയൊഴിപ്പിക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാല്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് കുടുംബങ്ങളുടെ തീരുമാനം.