രണ്ടാം ടി-20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

single-img
18 September 2019

മൊഹാലിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് അനായാസജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ, നായകന്‍ വിരാട് കോലിയുടെ മികച്ച കളിയിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ കോലി 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോൾ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്ത് പുറത്തായി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. മത്‌സരത്തിൽ ഉടനീളം ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാണിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിൽ ഒതുങ്ങി. ആദ്യ പത്തുഓവറുകൾക്ക് ശേഷം കാര്യമായി റണ്‍സ് വിട്ടുകൊടുക്കാതിരുന്ന ബൗളര്‍മാരാണ് ഇന്ത്യക്ക് കളിയിൽ മേല്‍ക്കൈ നല്‍കിയത്.

മത്സരത്തിൽ നായകൻ ക്വിന്റണ്‍ ഡി കോക്ക് (52), തെംബ ബവുമ (49) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തിളങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തിളങ്ങി. മുൻപ്, ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.