അരാംകൊ ഡ്രോണ്‍ ആക്രമണം; ഇറാന്‍ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചെന്ന്‌ അമേരിക്ക

single-img
18 September 2019

സൗദി എണ്ണകമ്പനിയായ അരാംകോ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. എണ്ണപ്പാടത്തിന് നേരെയും എണ്ണ സംസ്‌കരണ യൂണിറ്റിന് നേരെയും നടന്ന ആക്രമണം ഇറാന്റെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണെന്ന്‌ ആരോപണം. ആക്രമണം നടന്നതിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.

പത്തു ഡ്രോണ്‍ ഉപയോഗിച്ചാണ് അക്രമണമെന്നായിരുന്നു അമേരിക്കയുടെ സ്ഥിതികരണം. അരാംകോ എണ്ണ സംസ്‌കരണ യൂണിറ്റില്‍ പത്തൊന്‍പത് സ്ഥലങ്ങളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായെന്നും കഴിഞ്ഞ ദിവസം അമേരിക്ക പറഞ്ഞിരുന്നു.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യക്ക് കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കുമെന്ന് റഷ്യ അറിയിച്ചു. സൗദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ സൗദിയയെ സഹായിക്കാന്‍ ഒരുക്കമാണെന്നും അത് മൂലം സൗദിക്ക് സ്വയം പ്രതിരോധിക്കാന്‍ സാധിക്കുമെന്നും പുടിന്‍ പറഞ്ഞു.

റഷ്യയില്‍ നിന്ന് എസ് 300 മിസൈല്‍ പ്രതിരോധ സംവിധാനം ഇറാനും എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം തുര്‍ക്കിയും വാങ്ങിയിട്ടുണ്ട്. സൗദിക്കും ഈ വഴി തിരഞ്ഞെടുക്കാമെന്നും ഇറാന്‍, തുര്‍ക്കി പ്രസിഡന്റ്മാരോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.