പാലാരിവട്ടത്തെ പഞ്ചവടിപ്പാലം: അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജിന്റെ സത്യവാങ്മൂലം

single-img
17 September 2019

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് ഹൈക്കോടതിയിൽ. കരാർ വ്യവസ്ഥ ഇളവ് ചെയ്യാനും 8.25 കോടിരൂപയോളം രൂപ പലിശ ഇല്ലാതെ കരാറുകാരന് മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി തന്നെയാണെന്ന് കേസില്‍ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു

19 ദിവസമായി റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹ‍ർജിയിലാണ് മുൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉള്ളത്. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വികെ  ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

8.25 കോടി രൂപ കരാറുകാരന് മുൻകൂറായി പലിശയില്ലാതെ നൽകാൻ നിർദ്ദേശം നൽകിയത് മന്ത്രിയാണ്. എന്നാൽ പിന്നീട് താൻ മുൻകൈയ്യെടുത്താണ് കരാറുകാരനിൽ നിന്നും പലിശ ഈടാക്കിയത്. ആദ്യ നാലു ബില്ലുകളില്‍ നിന്ന് പണം തിരിച്ചുപിടിച്ചതോടൊപ്പം 7 ശതമാനം പലിശയിനത്തിൽ ഈടാക്കുകയും ചെയ്തത് താനാണ്. കരാറുകാരൻ പലിശയിനത്തിൽ 8.25 ലക്ഷം രൂപയാണ് സർക്കാരിലേയ്ക്ക് തിരിച്ചടച്ചത് . നിര്‍മാണത്തിലെ ക്രമക്കേടില്‍ തനിക്കും പങ്കില്ല. ആദ്യഘട്ടനടപടികളുടെ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും സൂരജിന്റെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ഇന്നലെയാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 19ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ടി.ഒ സൂരജിന് പുറമേ പാലം പണിത നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സിന്റെ എം.ഡി സുമീത് ഗോയൽ, കിറ്റ്‌കോയുടെ മുൻ എംഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.