എൻജിഒകൾക്ക് വിദേശഫണ്ട് ലഭിക്കണമെങ്കിൽ മതപരിവർത്തനക്കേസുകൾ ഇല്ലെന്ന് തെളിയിക്കണം: കേന്ദ്രത്തിന്റെ പുതിയനിയമം

single-img
17 September 2019

ന്യൂഡൽഹി: എൻജിഒകൾക്ക് വിദേശത്തുനിന്നും ധനസഹായം ലഭിക്കുന്നതിനായി ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവർത്തനത്തിന് വിചാരണ ചെയ്യപ്പെട്ടിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തണമെന്ന് കേന്ദ്രം. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചു.

തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് 2011ലെ വിദേശ സംഭാവനാ നിയന്ത്രണ നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയത്. വ്യക്തികൾ 25,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾ വെളിപ്പെടുത്തേണ്ടതാണെന്ന 2011ലെ നിയമത്തിൽ ഇളവ് വരുത്തി. ഇത് ഒരു ലക്ഷം രൂപ വരെയാക്കി ഉയർത്തി. സമുദായ സൗഹാർദം തകർക്കുംവിധം മതപരിവർത്തനം നടത്തിയ വ്യക്തികളെ പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നത്. വിദേശഫണ്ട് കൈപ്പറ്റുന്ന എൻജിഒകളിലെ ഡയറക്ടർമാരോ മുതിർന്ന ഉദ്യോഗസ്ഥരോ മാത്രം നൽകേണ്ടിയിരുന്ന സത്യവാങ്മൂലമാണ് എല്ലാവർക്കും ബാധമാക്കിയത്.

എൻ.ജി.ഒ അംഗങ്ങൾ വിദേശ സന്ദർശനം നടത്തുന്നതിനിടെ ചികിത്സാസംബന്ധമായ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ വിദേശത്ത് നിന്നും ലഭിച്ച ആതിഥ്യത്തെക്കുറിച്ച് സർക്കാരിനെ ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഇതുകൂടാതെ വിദേശത്ത് നിന്നും എത്ര ഫണ്ട് ലഭിച്ചു, ഫണ്ടിന്റെ ഇന്ത്യൻ രൂപയിലെ മൂല്യം എത്ര, പണം എന്തിനായി ഉപയോഗിച്ചു എന്നീ കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ ഒരു മാസത്തിനുള്ളിൽ തന്നെ അറിയിക്കണം.നേരത്തെ ഈ കാലയളവ് രണ്ട് മാസമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിനിടെ രാജ്യത്തെ എൻജിഒകളുടെ പ്രവർത്തനം സംബന്ധിച്ച നിയമങ്ങൾ നരേന്ദ്ര മോദി സർക്കാർ കർശനമാക്കിയിരുന്നു. നിയമങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയ 18,000 എൻ.ജി.ഒകൾക്ക് സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.