കുറുപ്പില്‍ ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് താരം ശോഭിത ധുലിപല എത്തിയേക്കും

single-img
17 September 2019

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

ഷൂട്ടിംഗ് നേരത്തെ തുടങ്ങിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മൂത്തോനില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച ബോളിവുഡ് താരം ശോഭിത ധുലിപലയാണ് കുറുപ്പിലും വേഷമിടുന്നതെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍.

ദുല്‍ഖര്‍ സല്‍മാനു പുറമെ ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും കുറുപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്നു. വിനേഷ് ബംഹ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.