ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെപിസിസി: നടപടിയുണ്ടായേക്കും

single-img
17 September 2019

ചെറുപുഴയിൽ കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെറുപുഴ ഡവലപ്പേഴ്സ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് കെപിസി.സി അന്വേഷണ സമിതിയുടെ കണ്ടെത്തൽ. കൃത്യവിലോപത്തിന്റെ വ്യാപ്തിക്കനുസരിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടികൾ ശുപാർശ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അന്വേഷണ സമിതി വിലയിരുത്തി. കെ കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സമിതി വിലയിരുത്തി. എന്നാൽ കോൺഗ്രസ് നേതാക്കളടക്കം അംഗങ്ങളായ ചെറുപുഴ ഡെവലപേഴ്സ് കമ്പനിക്ക് ജോസഫുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളിലടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിശദമായ റിപോർട്ട് നാല് ദിവസത്തിനുള്ളിൽ കെ.പി.സി.സിക്ക് സമർപ്പിക്കുമെന്നും അന്വേഷണ സമിതി വ്യക്തമാക്കി.

ജോസഫിന്റെ കുടുംബാംഗങ്ങൾ, ആരോപണം നേരിടുന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരിൽ നിന്നടക്കം കെ.പിസിസി അന്വേഷണ സമിതി തെളിവെടുപ്പ് നടത്തിയിരുന്നു.

ജോസഫിന് നൽകാനുള്ള തുകയിൽ അറുപത് ലക്ഷം രൂപ ചെറുപുഴ ഡവലപേഴ്സ്  കുടുംബത്തിന് കൈമാറി. മകന്റെ ചികിത്സക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വ്യക്തമാക്കി. ജോസഫിന്റെ ഭാര്യക്ക് ലീഡർ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയിൽ ജോലിയും നേതൃത്വം വാഗ്ദാനം ചെയ്തു.

ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ, ലീഡർ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി ഉൾപെടുന്ന, സിയാദ് ടവറിലുള്ള ഒരു ഫ്ലാറ്റ് നേരത്തെ ചെറുപുഴ ഡെവലപ്പേഴ്സ് ജോസഫിന്റെ കുടുംബത്തിന് രേഖാമൂലം കൈമാറിയിരുന്നു.  കെട്ടിടം നിർമിച്ച വകയിൽ നൽകാനുള്ള പണത്തിന്റെ നിശ്ചിത ശതമാനത്തിന് പകരമായി ഈ ഫ്ലാറ്റ് കൈമാറാൻ ജോസഫുമായി നേരത്തെ ചെറുപുഴ ഡെവലപേഴ്സ്  ധാരണയുണ്ടാക്കിയിരുന്നു.