പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം കാളവണ്ടിക്കും 1000 രൂപ പിഴ ചുമത്തി പോലീസ്

single-img
17 September 2019

ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസുകളും പിഴകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവമാണ്. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതാണ് പുതിയ വാര്‍ത്ത.ഡെറാഡൂണിലെ സഹാസ്പൂരിലാണ് സംഭവം. ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ ഫൈന്‍ ലഭിച്ചത്.

കാളവണ്ടി തന്റെ ഫാമിന് സമീപമാണ് റിയാസ് നിര്‍ത്തിയിട്ടിരുന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറും പൊലീസ് സംഘവും കാളവണ്ടി ‘പാര്‍ക്ക്’ ചെയ്തിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കാളവണ്ടിയുടെ ഉടമയാരാണെന്ന് പൊലീസ് അന്വേഷിച്ചു. പിന്നാലെ പൊലീസ് കാളവണ്ടി ഹസന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തന്റെ ഫാമിന് പുറത്ത് സ്വന്തം കാളവണ്ടി നിര്‍ത്തിയിട്ടതില്‍ എന്താണ് തെറ്റെന്ന് റിയാസ് പൊലീസിനോട് ആരാഞ്ഞു. കൂടാതെ, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന് കീഴില്‍ വരുന്നവയല്ല കാളവണ്ടികളെന്നും എന്തിനാണ് തനിക്ക് പിഴ ചുമത്തിയതെന്നും ചോദിച്ചു.ഇതോടെ എംവി ആക്ടിന് കീഴില്‍ കാളവണ്ടിക്ക് പിഴ ചുമത്താന്‍ വ്യവസ്ഥയില്ലെന്ന് മനസിലാക്കിയ പൊലീസ് നടപടിയില്‍ നിന്നു പിന്മാറുകയും റിയാസിന് നല്‍കിയ ചലാന്‍ റദ്ദാക്കുകയും ചെയ്തു.